മുറ്റം

അടച്ചിട്ട വാതിലിന്റെ മുന്നിലേക്ക് ഞാൻ എത്തിപെടുകയാണ്.

പ്രാരാബ്ധങ്ങളുടെയോ, ലഹരിയുടെയോ, പ്രണയതിന്റെയോ മണമില്ലാത്ത നനുത്ത സന്തോഷങ്ങൾ നിറഞ്ഞ ഓർമ്മകൾ മാത്രമുള്ള, എങ്ങോ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടി തെറിക്കപെട്ടപ്പോൾ അടഞ്ഞു പോകേണ്ടി വന്ന ഈ ചിതലുപിടിച്ച വാതിൽ ഞാൻ തള്ളി തുറക്കുകയാണ്.

അകം മുഴുവൻ ചാണകത്തിന്റെ  മണം, പടിഞ്ഞിറ്റകത് ഞാൻ തെളിയിച്ച ദീപങ്ങൾ ഇന്നും അണഞ്ഞിട്ടില്ല. അടുക്കളപുറത്ത്  നിന്നും വരുന്ന മത്സ്യത്തിന്റെ മണത്തിനു പിറകെ ഞാൻ നടന്നു. അതെ, എങ്ങോ എന്നിൽ നിന്നും മാഞ്ഞുപോയ മുത്തശി; കിണറ്റിന്റെ  പടയിലിരുന്നു കാലിന്റെ മുന്നിലുള്ള കത്തികൊണ്ട് ഉച്ചക്ക് വേണ്ടുന്ന മത്സ്യകറിക്കുള്ള ഒരുക്കത്തിലാണ്, പുറകിലെ വളപ്പിൽ ദൂരെയായുള്ള അലക്കുകല്ലിൽ അമ്മ ആരോടൊക്കെയോ പിറ് പിറുത് വേഗത്തിൽ അലക്കി തീർക്കാനുള്ള തിരക്കിലും.

എന്നെയും, ഇചുലുവിനെയും, കുട്ടുവിനെയും വരിവരിയായി നിരത്തി വാഴകൾക്കിടയിൽ നിന്നും ഇളയമ്മ ചൂട് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്നു. മൂക്കിലേക്ക് ആ ഗന്ധം അടിച്ചു കയറുകയാണ്, ഇളം ചൂട് വെള്ളത്തിന്റെയും വെളിചെണ്ണയുടെയും ഗന്ധം എന്നെ കരയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പതിയെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തെ തറയിൽ കത്തിച്ചുവെച്ച ദീപം അണഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെയാവണം സനി പടിഞ്ഞിറ്റകതെ തൂക്കു വിളക്ക് എത്തി പിടിക്കാനുള്ള ശ്രമം നടത്തുന്നത്.

കുറ്റ്യാര പടിയിലിരുന്ന് സുരേശാപ്പൻ; ഇന്നൊരു മൂളി പാട്ട് പോലും പാടാൻ കഴിയാത്ത അപ്പികുട്ടനെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
അപ്പുറത്തുള്ള കുറ്റ്യാര പടിയിൽ അച്ഛനും അച്ഛച്ചനും ഒരുമിച്ചിരുന്നു കള്ള് കുപ്പികൾ തീർത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ മുന്നിലെ കോപ്പയിൽ വച്ച എരുവ് തീരെ കുറയാത്ത, കുരുമുളകിന്റെ മണം തെറിക്കുന്ന ഇറച്ചി കറിയിൽ കയ്യിട്ടു വാരുന്ന കൊചൂട്ടനും. കൊചൂട്ടന് ഇന്നും എരുവ് കൂടുതലുള്ള കറികളോട് തന്നെയാണ് പ്രിയം.

എങ്ങോ, നഷ്ടപെട്ട പ്രണയത്തെ ഓർത്ത് കുടുംബവും കുട്ടികളും വേണ്ടെന്നു വച്ച സന്തോശാപ്പാൻ പിറകിലെ സയ്ക്കിളിനു രാത്രി പീടിക തിണ്ണയിലേക്ക് പോവാൻ ടയനാമോ പിടിപ്പിക്കുന്ന തിരിക്കിലാണ്. സന്തോശാപ്പാൻ കല്യാണം കഴിക്കാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒരു കുഞ്ഞു വാവയെ കിട്ടാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ, തിരിച്ചു പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നു.

"വർഷങ്ങൾ കഴിഞ്ഞ് ഞാൻ അവളെ സ്വന്തമാക്കും, അന്ന് ചിലപ്പോൾ അവൾ വർധക്യതെ പൊരുതി തോൽപ്പിക്കുകയാവം, ചിലപ്പോൾ തെമ്മാടി കുഴിയിലെ ശവ കല്ലറയിലോ , പൊരുതപെടാനാവാത്ത പങ്കാളിയുടെ കൂടെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലോ ആയിരിക്കും.പക്ഷെ, അന്നവൾക്ക് എന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയാതെ വരും."
അന്ന് അതെനിക്ക് മനസ്സിലാവില്ലെന്നുള്ള ഉറപ്പിൻ മേലായിരിക്കും പറഞ്ഞു കാണുക,

മുന്നിൽ നിന്ന് ആരുടെയൊക്കെയോ ഒച്ചപാടുകൾ കേട്ട് ഞാൻ മുന്നാംപുറത്തേക്ക് തിരിച്ചു നടന്നു.

സന്ധ്യയായിട്ടും പശുവിനെ ആലയിലാക്കതത്തിന്റെ പേരിൽ അമ്മമ്മ അമ്മയെയും ഇളയമ്മമാരെയും ചീത്ത പറയുകയാണ്. മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുന്ന രമ്യ അത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു.

കുളിച്ചു കഴിഞ്ഞു മുഖത് മുഴുവൻ പൌഡർ വാരി പൂശിയ ഞാനും, ഇചുലുവും, കുട്ടുവും പടിഞ്ഞിറ്റകതെ ദൈവങ്ങളുടെ ഫോടോകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ തുടങ്ങി.  അവർ മൂന്നു പേർക്കും പിന്നിലായി നിന്ന് ഞാനും പ്രാർത്ഥിച്ചു.

"ദൈവമേ, ഈ ബാല്യം എനിക്ക് തിരിച്ചു നൽകൂ"

പിന്നിൽ നിന്നും ചിരിക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി,

അച്ഛനും, അച്ഛച്ചനും, അമ്മമ്മയും, അമ്മയും, ഞാനും, ഇചുലുവും, കുട്ടുവും, സുരേശാപ്പനും, സന്തോശാപ്പനും, ഇളയമ്മമാരും, രേമ്യെചിയും, എല്ലാവരും ഉറക്കെ എന്നെ കളിയാക്കി കൊണ്ട് ചിരിക്കുന്നു, ആ കളിയാക്കൽ എന്നെ കരയിപ്പിക്കുകയാണ്, ആരും കേൾക്കാത്ത ശബ്ദതാൽ ഞാൻ ഉറക്കെ കരയുകയാണ്.
തിരിച്ചു കിട്ടാത്ത ബാല്യവും, ചിതല് പിടിച്ച ഈ വാതിലുകളും ഇന്ന് ഒരു പോലെ പഴകി ദ്രവിക്കുകയാണ്.

എന്തുകൊണ്ട് എനിക്ക് ഇതൊക്കെ നഷ്ടപെടുന്നു?

അന്ന് ഇളയച്ചൻ പറഞ്ഞു തരുന്ന കഥകേട്ട് ഞങ്ങൾ ഒരുമിച്ച് കിടന്നുറങ്ങിയ പുൽപായകൾക്ക് എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ട? കണ്ണിമാങ്ങകൾ പൊറുക്കി നടക്കുംപോൾ തണലായ ആ മുത്തശിമാവിന്റെ തണലുകൾക്കും എന്നെ ഇന്ന് വേണ്ട, മുള്ളുകൾ കൊണ്ട് വേദനിപ്പിച്ച മുള്ളിക്ക ചെടികൾക്കും, തൊടുംബോൾ വാടി പരിഭവം കാണിച്ച തൊട്ടാവാടികൾക്കും, ഒരുപാട് വേദനിപ്പിച്ച അടുക്കളയിലെ കയിൽ പിടികൾക്കും, ആരും കാണാതെ ഒളിച്ചിരുന്ന കുള പടവുകൾക്കും, എത്തിപിടിക്കാൻ ശ്രമിച്ച ജനാല പടികൾക്കും, അടർത്തി നശിപ്പിക്കാൻ ശ്രമിച്ച മുറ്റത്തെ ചെക്കി ചെടികൾക്കും എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ടാതാകുന്നു?

No comments:

Post a Comment

വായിച്ചതിനു നന്ട്രി