രാത്രിയുടെ കഥ

രാത്രിയെ കുറിച് കഥയെഴുതണം!
അങ്ങനെ പല രാത്രികൾ കഴിഞ്ഞു പോയി, തലക്കെട്ടു മാത്രം എഴുതിവച്ച ഓരോ പേപ്പറും കൊട്ടയിൽ വീണു കൊണ്ടേയിരുന്നു.
ഭ്രാന്തൻ ചിന്തകളിൽ നിന്നും മുക്തി നേടിയ രാത്രികളായിരുന്നു അവയൊക്കെ.
യേശുദാസിന്റെ ശബ്ദം ഭ്രാന്തൻ ചിന്തകളിൽ നിന്നും രക്ഷപെടുത്തി ഉറക്കത്തിലേക്ക് പറഞ്ഞയച്ച രാത്രികൾ.

എല്ലാം പാതിവഴിക്കിട്ട് കിടന്നുറങ്ങാൽ എളുപ്പമാണ്,
പൂർത്തീകരിക്കാൻ മാത്രമാണ് പ്രയാസം.
ആത്മവിശ്വാസവും, ധൈര്യവും ഇല്ലാതെ ജീവിക്കുന്ന ഒരാൾക്ക് പൂർത്തീകരിക്കാൻ കഴിയുന്ന ചിന്തകൾ ഒന്നുമായിരുന്നില്ല കൂട്ടിനുള്ളത്. തെറ്റിപ്പോയ അരിത്മെറ്റിക്സ്!

എന്തൊക്കെ സംഭവിച്ചാലും ഇന്നത്തെ രാത്രിയെകുറിച് കഥയെഴുതും എന്നു തീരുമാനിച്ചതാണ്.
പക്ഷെ, സമയം തെറ്റി വന്നൊരു മഴ!
കസേരയും, പെന്നും പേപ്പറും കുന്ത്രാണ്ടാവുമൊക്കെ എടുത്തകത്തേക്കിട്ടു,
എന്നിട്ടു തലക്കെട്ടും കൊടുത്തു. "ജാർസയിൽ മഴപെയ്തു"

തലക്കെട്ടുഴുതി പുറത്തേക്കു പെയ്യുന്ന മഴയും നോക്കി രണ്ടു സിഗരറ്റ്‌ അടുപ്പിച്ചു വലിച്ചു തീർത്തപ്പോഴേക്കും മഴ നിന്നു.
"ജാർസയിൽ മഴപെയ്തു" അതെ മഴ പെയ്തു.
ഇനി എന്തെഴുതും?

വെറുതേ മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നടന്നു.
ഉച്ചയ്ക്ക് തന്ന ക്ലിനിക്കിലെ കാർഡ് മുന്നിൽ വന്നു പെട്ടു, രക്തം കൊടുത്താൽ മുന്നൂറു രൂപ കിട്ടുമെത്രെ.

ഈ കാലത്തും രക്തം വിറ്റു ജീവിക്കുന്നവരോ? അതും മലയാളികൾ.
അതെ പോലു.
ജോലി തിരഞ്ഞു വരുന്നവരും, ജോലി നഷ്ടപ്പെട്ടു അടുത്ത ജോലിക്ക് തിരയുന്നവരും, മാസത്തിൽ രണ്ടോ മൂന്നോ തവണ രക്തം വിൽക്കാറുണ്ടെന്നാണ് ക്ലിനിക്കിലെ ചേച്ചി പറഞ്ഞത്.

എന്നാൽ പിന്നെ അവർക്കു നാട്ടിൽ പോയിക്കൂടെ.
ആഹ്, പറഞ്ഞിട്ടു കാര്യമില്ല, ഇല്ലാത്ത ദാരിദ്ര്യം പറഞ് വീട്ടീന്നിറക്കി വിടാൻ കാത്തിരിക്കുവാണ് ചില രക്ഷിതാക്കൾ.

കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് ഉറക്കെ ഒരു "ഇങ്കുലാബ് സിന്താബാദ്" വിളിച്ചുകൊണ്ട് ആ കാർഡ് കീറിചാടി.

കഥയ്ക്ക് വേണ്ടി തിരഞ്ഞു,
പ്രണയത്തെ കുറിച് എഴുതിയാലോ?

"മഴയിൽ മുളച്ചൊരു പ്രണയം" അടുത്ത തലക്കെട്ടെഴുതി.

'നല്ല മഴ, അവളെയും കെട്ടിപിടിച്ചു ഗുൽമോഹർ മരത്തിന്റെ ചുവട്ടിലിരിക്കുന്നു.
അവിടുന്നു കോളേജിന്റെ വരാന്തയിലേക്കും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌മുറിയിലേക്കും, അവിടെ വച്ചു ചുംബനങ്ങൾ കൈമാറുന്നു....'
ശേ! പ്രണയം എഴുതി തുടങ്ങിയാൽ അതാണ് പ്രശ്നം, കാമത്തിൽ ചെന്ന് അവസാനിക്കും.

ഒരു നല്ലൊരു പ്രണയം പോലും ഇല്ലല്ലോ ജീവിതത്തിൽ,
ഒന്നുകിൽ അവള് പറ്റിക്കും, അല്ലെങ്കിൽ തല്ലി പിരിയും!

അങ്ങനെ, കഥകൾക്ക് വേണ്ടി മുറിക്കുള്ളിൽ സിഗരറ്റുകൾ  പുകഞ്ഞു കൊണ്ടേയിരുന്നു.

ഒടുക്കം മുറിക്കുള്ളിൽ പുകകൊണ്ടു ശ്വാസം മുട്ടി ചത്ത രണ്ടു ചിലന്തികൾ ചുവരിൽ തൂങ്ങിയാടുന്നതു കണ്ടു.
അരെ വാഹ്! പുതിയ കഥ! "പുകവലിച്ചു ചത്ത ചിലന്തി"
അങ്ങനെ ചുമച്ചു ചുമച് ഈ ഒരു രാത്രിയിലെ കഥയെഴുതുന്നൊരു ഭ്രാന്തൻ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി