അമ്മയ്‌ക്ക് ഒരു കത്ത്

1192  വൃശ്ചികം 19
ദില്ലി


എന്റെ അമ്മയ്‌ക്ക്,

അമ്മയ്ക്കും അച്ഛനും സുഖം തന്നെയാണെന്നറിയാം. എനിക്കിവിടെ സുഖം തന്നെ.
അമ്മ ഒരിക്കലും ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചു കാണില്ല അല്ലെ, ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലും കത്തുകൾ എഴുതുമോ, അതും സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്.

അതെ അമ്മെ. എന്റെ ജീവിതമിന്ന് ആഹ്ലാദപൂർണമാണ്.
സന്തോഷഭരിതമല്ലാത്ത കാലങ്ങൾ ജീവിതത്തിൽ കഴിഞ്ഞുപോയപ്പോൾ അല്ലെങ്കിൽ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തിയതിനുശേഷം കടന്നുവന്ന ജീവിതത്തിലെ ഈ നല്ലകാലം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ജീവിതവും ഇതുപോലെ സന്തോഷത്തോടെതന്നെ മുന്നോട്ടു പോകണം.
അതിനുവേണ്ടി ഒരു മകൻ എന്നനിലയ്‌ക്ക് ഞാൻ എന്ത് ചെയ്യണം എന്ന് ഇത്രയും കാലമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായുള്ള ചിന്തകൾ വേരുറയ്ക്കാൻ തുടങ്ങിയ കാലം തൊട്ടേ ഞാനതു ശ്രമിക്കാറുമുണ്ട്.

എന്റെയോ, അനിയന്മാരുടെയോ ഭാവി ജീവിതത്തെകുറിച്ചു അമ്മ വിഷാദാത്മകമായി ചിന്തിക്കാൻ ശ്രമിക്കരുത്, ജീവിതത്തിലെ സന്തോഷകാലങ്ങൾക്കായി പ്രയത്നിക്കാൻ പ്രാപ്തരാകും വിധം തന്നെയാണ് അമ്മയും അച്ഛനും ഞങ്ങളെ വളർത്തിയിട്ടുള്ളത്.
കഴിഞ്ഞകാലയളവിലുണ്ടായ സന്തോഷകരമായ മാറ്റങ്ങളൊക്കെ അമ്മയും കാണുന്നതാണല്ലോ, അല്ലെ?

സാമ്പത്തികമായി മാത്രമാണ് ഇപ്പോഴുള്ള താത്കാലികപ്രശ്നങ്ങൾ, അത് തീർത്തുകൊണ്ടു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാഞ്ഞിട്ടല്ല.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകേയോടാനുള്ള ധൈര്യവും വിശ്വാസവുമാണ് ഇക്കാലയളവിൽ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവാതെ നോക്കാനുള്ള വിശ്വാസവും അതോടൊപ്പം തന്നെയുണ്ട്. അമ്മ ഒരിക്കലും അതിൽ ഭയപ്പെടരുത്.

എവിടെയോ കേട്ടൊരു കവിതയുടെ നാലുവരികൾ ഇപ്പോൾ ഓർമ്മവരികയാണ്.
"സമയമില്ലൊരു വാക്കിനാലും നെയ്‌തെടുത്ത
വിളക്കിൻ തിരിയാലലിവിൻ സങ്കടം
ജന്മാതാപം ലയിപ്പിക്കും അലങ്കാരങ്ങളിൽ
വർത്തമാനങ്ങളില്ലാതാവും ഭൂതകാലത്തിന്റെ അനർത്ഥങ്ങളിൽ"

പിന്നെ,
കഴിഞ്ഞ ദിവസം എനിക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരിക്കയാണ്.
പ്രണയ സുരഭിലമായ ഈ ലോകത്തിൽ വളരെ കാവ്യാത്മകമായൊരു പെണ്ണും ഇപ്പോൾ മനസ്സുകൊണ്ട് കൂടെയുണ്ട്; പാറു.
കൂടാതെ കലാപരമായും സാമൂഹികപരമായും ചിന്തകൾ ഉൾക്കൊള്ളാനും സമൂഹത്തിന്റെ ഭാഗമാവാനും ശ്രമിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നുവരുന്നു. മെയ്‌മാസം പൂമരത്തിലെ ചില്ലകളെല്ലാം പൂക്കുന്നതുപോലെ ആഹ്ലാദകരമായ ജീവിതത്തിൽ എല്ലാം സന്തോഷഭരിതമായി മാറുന്നു.

അച്ഛനോടും അന്വേഷണം പറയണം, കത്ത് ചുരുക്കുന്നു.


അമ്മയുടെ മകൻ.
പ്രജി.

No comments:

Post a Comment

വായിച്ചതിനു നന്ട്രി