എന്നോ എഴുതിവച്ചൊരു മനസ്സ്.

17 ധനു 1192
ദില്ലി



പ്രിയപ്പെട്ടവളെ പാറു,

എന്റെ ഹൃദയം ചിരിക്കുകയാണ്, പ്രണയം സിരകളിലേക്ക് നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല. ജാലകങ്ങളൊക്കെ അടഞ്ഞു പോയൊരു മനസ്സായിരുന്നു എന്റേത്. ഇന്ന് ജീവിതം ഒരു പ്രതീക്ഷയാണ്.

അറ്റം കാണാത്ത വഴികളിലൂടെ എന്നും നിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് നടന്നു നീങ്ങുക എന്ന സ്വപ്നം മാത്രമായി ജീവിതം മാറുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് മരിക്കാത്തൊരു പ്രണയമായി ജീവിതാവസാനം വരെ നിന്റെ കൂടെ ഉണ്ടാവണം എന്നുള്ളൊരു അടങ്ങാത്ത ആസക്തി നുരഞ്ഞു പൊന്തുകയാണ്.

ആദ്യമായി നിന്റെ വിരലുകൾ എന്റെ വിരലുകളിൽ കോർത്തുവച്ച നിമിഷവും, ഇടതടവില്ലാതെ ചുംബനങ്ങൾ കൈമാറിയ നിലാവില്ലാത്ത രാത്രിയിലെ ഓർമകളും പുഴയൊഴുകുന്ന ഈ വഴിയരികിൽ കണ്ണാടി ചില്ലു പോലെ പതിയുകയാണ്.
നിന്റെ മുലകൾക്കിടയിൽ ശ്വാസം മുട്ടി കരയുമ്പോഴും, ചേർത്ത് വച്ച് കൂടെ കിടക്കുമ്പോഴും,
കാലുകൾ കൊരുത്തുവച് പുതപ്പിനുള്ളിൽ മറ്റൊരു ലോകത്തെ കുറിച്ചു സ്വപ്നം കാണുമ്പോഴും
എന്നിലെ അണപൊട്ടിയൊഴുകുന്ന നിയന്ത്രിക്കാനാവാത്ത ഒരു പ്രണയത്തിന്റെ സാക്ഷിയായി മാറിയ എന്നെ ഞാൻ ചികഞ്ഞെടുക്കുകയാണ്.
ഓരോ നോക്കിലും ഓരോ വാക്കിലും ആയിരമായിരം അർഥങ്ങൾ കൈമാറിയ നിമിഷങ്ങളല്ലാതെ ഒന്നും തന്നെ ചികഞ്ഞെടുക്കാൻ ഈ കുഞ്ഞുമനസ്സിലില്ല.

എന്നിലെ പുരുഷന്റെ സ്വാർത്ഥതയിൽ ഒരിക്കലും നിന്നെയൊതുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല,
മനസ്സുകൾ തുറന്നുവച്ചുകൊണ്ട്  തടവറകളില്ലാതെ നീ പാറിപറക്കണം.
ഭാവിയുടെ ചിന്തകൾ അലോസരപ്പെടുത്താതെ വർത്തമാനത്തിൽ നിന്നും വർത്തമാനത്തിലേക്കുള്ള പ്രയാണം.
ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കുള്ള പ്രയാണം.
എങ്കിലും മനസ്സിലെ ഏതോ കോണിൽ അടിഞ്ഞു കൂടിയ സ്വാർത്ഥതയുടെ ഒരംശം ആഗ്രഹിച്ചു പോവുകയാണ് എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. എനിക്ക് മാത്രം സ്വന്തമായിരുന്നെങ്കിലെന്ന്.

കാതങ്ങൾ ദൂരെ നിന്നും നിന്റെ കണ്ണീർ വീഴുന്ന ശബ്ദം ആഴത്തിൽ പതിഞ്ഞിരുന്നതൊക്കെ എന്റെ ഹൃദയത്തിലേക്കായിരുന്നു.
അലോസരപ്പെടുത്തി കൊണ്ടിരുന്ന ചിന്തകളുടെ കൂടെ അലങ്കോലപ്പെട്ടുകിടന്ന ജീവിതത്തിലേക്ക് ചന്ദന ജാലകം തുറന്നു വന്നവൾക്ക്, പ്രണയത്തിന്റെ വിത്ത് പാകിയെടുത് മുളപ്പിച്ചെടുത്തവൾക്ക് ഞാൻ കണ്ണുനീർ മാത്രമാണ് നൽകിയതെന്നുള്ള നീറ്റൽ ഇപ്പോഴും മനസ്സിൽ കിടന്നു മുരളുകയാണ്.
സ്വപ്നങ്ങളും മിഥ്യ സങ്കൽപ്പങ്ങളിൽ ഉയിർത്തെഴുന്നേറ്റ കഥാപാത്രങ്ങളും മാത്രമുള്ളൊരു യാത്രയായിരുന്നു എന്റെ ജീവിതം. ഒരിക്കലും എന്നെ തിരുത്താൻ നീ ശ്രമിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടു പോലുമില്ല.
അറിയില്ല, എനിക്കറിയില്ല നിനക്ക് ഞാൻ എന്താണ് നൽകേണ്ടതെന്ന്.
എങ്ങനെയാണ് ഓരോ നിമിഷം എന്റെ സിരകളിലൂടെ അണപൊട്ടിയൊഴുകുന്ന നിന്നോടുള്ള പ്രണയത്തെ ഞാൻ തുറന്നു കാണിക്കേണ്ടതെന്ന്.
എന്നെ ഭീതിപ്പെടുത്തുന്നതും അത് മാത്രമാണ്. അതോർത്തു മാത്രമാണ് കഴിഞ്ഞ നാളുകൾ മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞിട്ടുള്ളതും. അപ്പോഴും ആ കണ്ണുനീർ എനിക്ക് മധുരമുള്ളതായിരുന്നു.

എനിക്കറിയാം,
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നെന്നുവെന്ന്, എത്രത്തോളം ഈ നെഞ്ചത്തെ ചൂടിൽ വന്നണയാൻ കൊതിക്കുന്നുവെന്ന്. വെറുതേയിരിക്കാൻ, വെറുതെ കാണാൻ, വെറുതെ മിണ്ടാൻ രാവും പകലും എണ്ണിത്തീർക്കുന്നുവെന്ന്.
കണ്ണുനീരും പിണക്കങ്ങളുമാണ് നിന്നിലെ നിഷ്കളങ്ക പ്രണയത്തിന്റെ പ്രീണനം എന്നിരിക്കെ ഈ കത്തിന്റെ ആവശ്യകതയെന്തെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ മനസ്സ് തുറന്നു വച്ച് എഴുതുകയാണ്.
എന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി. എനിക്കൊരിക്കലും അകലാൻ കഴിയാത്ത എന്റെ ദേഹിക്കുവേണ്ടി.

പറയാൻ വാക്കുകൾ പോരാതെ വരികയാണ്. എങ്കിലും ആവർത്തിക്കുന്നു.
പെണ്ണേ, നിന്നോടെനിക്ക് പ്രണയമാണ് മറ്റെന്തിക്കാളും.


എന്ന്,
നിന്റെ സ്വന്തം
ഉലുക

No comments:

Post a Comment

വായിച്ചതിനു നന്ട്രി