മിറാക്കിൾ

കാലറുത്തുമാറ്റി.
രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാമെന്നു ഡോക്ടർ പറഞ്ഞു.
അനുഭവങ്ങൾ മതിയാവാത്തൊരു ഊരുതെണ്ടിക്ക് ഇതില്പരം ശിക്ഷയുണ്ടോ.

ദിവസങ്ങൾ കഴിഞ്ഞു.
സ്വന്തമായി കക്കൂസിൽ പോവാൻ കഴിയുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ ആശ്വാസം.
ചങ്ങലകൾ പൊട്ടിച്ചെറിയാൻ പഠിപ്പിച്ച അമ്മ, സ്വയം ചങ്ങല കുരുക്കിടുന്നു.
ഞാനൊരു ചങ്ങലയാണ്.
അനുജന്റെ, അച്ഛന്റെ, അമ്മയുടെ, കട്ടിലിന്റെ, ശരീരത്തിലും സമയത്തിലും കുരുക്കിട്ട തുരുമ്പ് പിടിക്കുന്നൊരു ചങ്ങല.

ദില്ലി നഗരത്തിൽ ബാങ്ങും മദ്യവുമായി ഡാൻസ്ബാറുകളിൽ രാത്രിയെ വെളുപ്പിക്കുമ്പോൾ ഈ മിറാക്കിൾ പ്രതീക്ഷിച്ചിരുന്നില്ല.
പെണ്ണ് കിട്ടിയിരുന്നെങ്കിൽ അവളുടെ കൈകളിൽ മാത്രം പടർന്നു തുരുമ്പുപിടിച്ചാൽ മതിയായിരുന്നു.
ഇന്നൊരു ദിവസം, നാളെയൊരു ദിവസം. ദിവസങ്ങൾ ഓരോന്നും ഇഴഞ്ഞു നീങ്ങുന്നു.
മുറ്റത്തു കാക്കകളില്ല. ആത്മഹത്യ ചെയ്താൽ ബലിച്ചോറുകൾ പോലും എച്ചിലായി മുറ്റത്തു കിടക്കും.

സ്റ്റീൽ കാൽ ഘടിപ്പിച്ചു, കഷ്ടിച്ച് അഞ്ചാറടി നടക്കാം.
ഇന്നലെയൊരു ദിവസം, ഇന്നൊരു ദിവസം. മുറ്റത്തുമുഴുവൻ നടന്നുകൊണ്ടേയിരുന്നു.
മുറ്റത്തെ ഉരുള കല്ലുകളിൽ കാലുകൾ എടുത്തുവച്ചുകൊണ്ട് സ്വയം പറഞ്ഞു,
ശ്രീ നഗറിലേക്കുള്ള കുന്നുകൾ.

ചതുപ്പിൽ ചവിട്ടി.
ഹാട്ടുപീക്കിലെ മഞ്ഞുമലയിൽ കാലുകൾ ആഴ്ന്നിറങ്ങി.
ഇലകൾ കറുത്ത ദേവദോർ മരത്തിന്റെ അറ്റത്തേക്ക് നോക്കി.
കമ്പുകൾ വളച്ചുവച്ച കൂട്ടിൽ നിന്നും കാക്കകൾ ഉയർന്നു പറക്കുന്നു. ബലി കാക്കകൾ.

മലകൾക്കപ്പുറം, ഊരറിയാത്ത ദിക്കിലേക്കൊരു തൂക്കുപാലം തൂങ്ങിയാടുന്നു.
ഒരറ്റം അരയിലും മറ്റേയറ്റം പാലത്തിന്റെ കമ്പിയിലും തൂക്കിയിടാനുള്ള ബെൽറ്റ്‌ സെക്യൂരിറ്റി കൈയിൽ വച്ചു തന്നു.

അനുഭവങ്ങൾക്കായി പരക്കം പായുന്നവൻ.
ജീവിതത്തോട് നിർവികാരികത ആയതുകൊണ്ടുതന്നെ സേഫ്റ്റിയുടെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.
ബെൽറ്റ് വലിച്ചെറിഞ്ഞു, കാണാൻ പാകുന്ന ആഴം വരെ വീണു.
ഊരറിയാത്ത മലമുകളിലേക്ക് കയറിച്ചെല്ലണം എന്നൊരു ആഗ്രഹം മാത്രം ബാക്കി.

ബലമില്ലാത്ത വലതുകാൽ ഉലയുന്ന മരപ്പലകയിൽ ഉറപ്പിച്ചു വച്ചു. ഇരട്ടബലമുള്ള ഇടതുകാൽ മാറ്റിവച്ചു മുന്നോട്ടേക്ക് നടന്നു. കൈകൾ പതിയെ ഇരുമ്പു കമ്പികളിൽ നിന്നും മുന്നോട്ടേക്ക് നീങ്ങി. കൽപ്പിത കഥയിലെ കാടുകൾക്ക് മുകളിലൂടെ നരഭോജിയുടെ ശബ്ദങ്ങൾ ആക്രോശിച്ചു, തൂക്കുപാലം ആടിയുലഞ്ഞു.
ശ്രദ്ധ മരപ്പലകയിൽ മാത്രം തറച്ചു നിന്നു.

ഓരോ പലകയിലും ഉറച്ചു നിന്നു. മഞ്ഞുമൂടിയ അറ്റത്തേക്കും, അറ്റം കാണാതെ ഉയർന്നു നിൽക്കുന്ന മലമുകളിലേക്കും നോക്കി. ചങ്ങലകൾ തുരുമ്പിക്കാത്ത കിങ്കോർ പുഷ്പങ്ങൾ മൂടിയ ആകാശം.

പലകൾ മാറി മാറി ചവിട്ടി.
ബാധ്യതയാണെന്ന് ആരും പറഞ്ഞിരുന്നില്ല. വാക്കുകൾ കൊണ്ടുപോലും വെറുത്തിട്ടില്ല.
പക്ഷെ കാലത്തെ വെറുക്കേണ്ടിവരുന്നു.
കാലം മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. കാലുകൾ ഓർമകളിൽ തട്ടിയപ്പോൾ വേഗതകുറഞ്ഞു. പലകയിലേക്ക് നീട്ടാൻ പറ്റാതെ കാലുകൾ താഴേക്കുവീണു.
തലച്ചോറിൽ ശൂന്യത കടന്നുപിടിച്ച നിമിഷങ്ങൾ കഴിഞ്ഞു കണ്ണുകളിൽ പ്രകാശം പതിയുമ്പോഴേക്കും ശരീരം താഴേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. മലയുടെ തല കുനിഞ്ഞെന്നപോലെ ആകാശത്തിൽ നിന്നും കിങ്കോറുകൾ പെയ്തു.

മിറാക്കിൾ!

മൂന്നാമത്തെ ജീവിതം എന്ന് മാത്രം ചിന്തിച്ചു. നിലവിളിച്ചില്ല, കണ്ണുകളടച്ചില്ല.
തൂക്കുപാലത്തിലെ പലകകളിലെ ചോരപ്പാടുകളിലേക്ക് മഞ്ഞുമലയിൽ നിന്നും വെയില് വീഴുന്നു.
അവസാനിക്കാത്ത കാഴ്ചകളിലേക്ക് ഇറങ്ങിചെന്നുകൊണ്ടേയിരിക്കുന്നു.

ബലികാക്കകൾ സാക്ഷികളായി.
നരഭോജികൾ അട്ടഹസിച്ചു.
കാറ്റ് ചോരപ്പാടുകളുടെ കഥകൾ പറയുന്നു.


(11 July 2017)


No comments:

Post a Comment

വായിച്ചതിനു നന്ട്രി